ഓക്സിജന്‍
“സകല ദുരിതങ്ങളും ,സങ്കടങ്ങളും സന്തോഷങ്ങളും സമ്മാനിച്ച് ഞങ്ങളെ ഭൂമിയിലേക്ക് അയച്ച കർത്താവേ ...ജീവിതാന്ത്യത്തിലെങ്കിലും സമാധാനത്തോടെ മരണത്തെപ്രാപിക്കാൻ ഞങ്ങളെ അനുവദിക്കണമേ........കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടെ...........”
കർഷകൻ ത്രിസന്ധ്യാ ജപം ഒരോ പ്രാവശ്യവും അവസാനിപ്പിച്ചിരുന്നത് അങ്ങിനെയാണ്.
പാതി ഉറക്കപ്പിച്ചിൽ പനമ്പായയിൽ മുട്ടുകുത്തി കൈകൂപ്പി നിന്ന് പ്രാർത്ഥിച്ച് ഉറക്കത്തിനായി കാത്തു നിൽക്കുന്ന അയാളുടെ മക്കൾക്കും ഭാര്യ വിരോഹണി ചേടത്തിക്കും ആ പ്രാർത്ഥനാന്ത്യത്തിൻറ്റെ പൊരുൾ ഒരിക്കലും മനസ്സിലായില്ലായിരുന്നു.
കുരിശുവര കഴിഞ്ഞ് വരംബിലേക്കിറങ്ങാൻ നീളൻ ടോർച്ചിൻറ്റെ പ്രകാശം പരിശോധിക്കുന്ന കർഷകനോട് ഒരിക്കൽ വിരോഹിണി ചേടത്തി ചോദിച്ചതിങ്ങിനെയാണ്:
“ഓരോരാത്രിയിലും കുരിശുവക്കുംബോൾ പ്രാർത്ഥിക്കുന്നതിങ്ങിനെയായിട്ടും , പിന്നേം നിങ്ങൾ കള്ളൂ കുടിക്കാൻ പോണത് എന്തിനാണ് മൂപ്പീന്നേ...ചങ്കു വാടി വല്ല മാറാരോഗം വന്നു കിടപ്പിലായാൽ സമാധാനത്തോടെ മരിക്കാൻ പറ്റുമോ...?“
“ഹ..ഹ..ഹ...ചേടത്തിയേ...ഇതു കർഷകനാണ്...വെറും കാലോടെ മണ്ണിലേക്കിറങ്ങിയും ഒരുപാടിഷ്ടത്തോടെ സൂര്യനെ സ്നേഹിച്ചും കാലം കടക്കുന്ന ഒരു ഇതിയാനാണേ ഞാൻ...മണ്ണൂം വിണ്ണൂം ചതിക്കില്ല...അഥവ ചതിച്ചാൽത്തന്നെ
മരണഛവമായി കട്ടിലിൽ കിടക്കുന്ന ഒരവസ്ഥ ആർക്കും ഉണ്ണ്ടാക്കരുതെന്ന ഒരു പ്രാർത്ഥന ...അത്രേയുള്ളൂ.....നീ കഞ്ഞികുടിച്ചു കിടന്നോ....വിരോണിയേ....”
തോർത്തൊന്നു കുടഞ്ഞു തോളുമാറ്റി ഇട്ട് വരംബിലേക്കിറങ്ങുംബോൾ അയാളതു പറഞ്ഞു ഒരു നാടൻ പാട്ടു തുടങ്ങി.
“ഞാൻ ഒരു പത്ത് ഞാറുനട്ടേ
ഞാറിലൊരഞ്ചെണ്ണം നീരെടുത്തേ
നീരു തരുന്നത് ഉയിരാണേ
ഉയിരു തരുന്നതെന്താണ്.......”
സൂര്യനുദിക്കുന്നതിനു മുൻപ് ഉണരുന്നതാണ് കർഷകൻ.
വാഴകൾക്കും മറ്റു ഇടകൃഷിതടങ്ങളിലും വെള്ളം കോരിയൊഴിച്ചു തുടങ്ങുന്ന നിത്യ വൃത്തി കാളയും കലപ്പയും ഏന്തി അവസാനിപ്പിക്കുന്നതു സന്ധ്യയിലാണ്.
വിരോഹിണീ നൽകുന്ന കപ്പയും കഞ്ഞിയും മുളകരച്ചതും സ്വയം കൽപ്പിച്ചു വെച്ചിരിക്കുന്ന ഇടവേളകളിൽ കഴിച്ച് കാളക്ക് അടുത്ത കുടിലുകളിൽ നിന്നും കിട്ടുന്ന കഞ്ഞികാടിയും പിണ്ണാക്കും പച്ചപ്പുല്ലും നൽകി തുടർവൃത്തമായിരുന്ന ജീവതാളം.
കർഷകന്റെ കാളയും കലപ്പയും ഓലകൊണ്ടു മേഞ്ഞ തൊഴുത്തിന്റെ ഒരു മൂലയിൽ അനാവശ്യ വസ്തുക്കളെപ്പോലെ അവശേഷിക്കുകയാണ്.
അയാളുടെ നിയന്ത്രണത്തിൽ എത്രയോ വർഷങ്ങളായി കണ്ടങ്ങൾ ഉഴുതുമറിച്ച് നെൽ വിത്തുകൾ പാകാൻ നിലം പാകപ്പെടുത്തി മണ്ണിനേയും മനുഷ്യനേയും കൂട്ടിച്ചേർത്തു നിർത്താൻ കടിനപ്രയത്നം ചെയ്ത കാളയും പാർശ്വഭാഗങ്ങൾ ഒടിഞ്ഞു തൂങ്ങി ദ്രവിച്ചു തൂടങ്ങിയ കലപ്പയും യജമാനന്റെ ശ്വാസ നിശ്വാസമേറ്റിട്ട് ദിവസങ്ങളോളം ആയിരിക്കുന്നു....
കർഷകനു കലപ്പ മൂന്നാം കൈ ആയിരുന്നെങ്കിൽ കാള സ്വന്തം മക്കളിൽ ഒന്നാമനെപ്പോലെ ആണ്.
ആയിരത്തി തൊള്ളയിരത്തി അംബത്താറിലെ മലവെള്ളപ്പാചിലിൽ പമ്പായാറ്റിലൂടെ ഒഴുകിയെത്തിയ ഒരു തടിച്ചു കൊഴുത്ത പശു .
കൊചുത്രേസ്യന്ന് കർഷകൻ വിളിപ്പേരിട്ടു വളർത്തിയ ആ പശുവിന്റെ നാലാമത്തെ പരംബരയിലെ അവസാനത്തെ കണ്ണിയാണ് താനെന്ന് ഒരുപക്ഷേ ആ കാളക്കറിയില്ലായിരിക്കാം.
അതുപോലെ കാലഹരണപ്പെട്ടിട്ടൂം ഉപേക്ഷിക്കനാകാത്ത മനസ്സോടെ പുതുക്കിപ്പണിത് അതിനെ കാലങ്ങളായി കൊണ്ടു നടക്കുന്നത് കലപ്പക്കു ഒരു മനസ്സുണ്ടായിരുന്നെകിൽ ഓർക്കുമായിരുന്നു....
തൊഴുത്തിനരുകിൽ ആരുടെയൊക്കെയോ കാല്പെരുമാറ്റവും ശബ്ദവും കേട്ട് ചെറിയ അമർച്ചയൊടെ കാള എണീറ്റ് ആ ഭാഗത്തേക്ക് നോക്കി.
കർഷകൻറ്റെ ഇളയ മകൻ തര്യച്ചൻറ്റെ കൂടെ അറവുകാരൻ മമ്മദലി വണ്ണമുള്ള പ്ലാസ്റ്റിക് കയറുമായി അതിനരികിലേക്കു നടന്നടത്ത് അതിൻറ്റെ പുറം തട്ടി.
“കർഷകൻറ്റെ ജീവനാണിവറ്റയെന്ന് ങ്ങ്ള്ക്കറിയാവുന്നതല്ലേ...ങ്ങേരിതെങ്ങാനും അറിഞ്ഞാൽ ഞമ്മളെ വല്ലാണ്ട് പ്രാകും...ബേജറാണ്..ന്നാലും ഞമ്മളു കൊണ്ടു പോകുവാ..ലാഭത്തിനു കിട്ടിയതല്ലേ....”
മറ്റു മക്കളുടേയും മരുമക്കളുടേയും നടുവിൽ വിചാരണ ചെയ്യപ്പെടുന്നതു പോലെ ഇരുന്ന വിരോഹിണി ചേടത്തി മമ്മദലി തലമറച്ച് കാളയുമായി മുറ്റം കടന്നു പോകുന്നത് കണ്ടു നിസ്സഹയതോടെ വിങ്ങി.
കാള രണ്ടു വട്ടം ദയനീയമായ് അമർച്ചയോടെ ഉമ്മറത്തേക്കു നോക്കിയപ്പോൾ അവർക്ക് സഹിക്കാനായില്ല.
“ന്നാലും എൻറ്റെ തര്യച്ച..നീയതിനെ അറവിനു കൊടുത്തില്ലേ....നിന്റെ അപ്പൻറ്റെ ജീവനാണ് അത്....“
അവർ നെഞ്ചത്തു കൈവെച്ച് ഏങ്ങലടിച്ചു കരഞ്ഞു.
“അമ്മച്ചിക്കിതെന്തിൻറ്റെ കേടാ...അപ്പനിനി എണീക്കില്ല...അല്ലെങ്കിൽ തന്നെ ആരു നോക്കാനാ ഇവറ്റെയൊക്കെ......“
പിറ്റേന്നു രാവിലെ ആശുപത്രിയിലേക്ക് വിരോഹിണി ബസ് കയറുംബോൾ മക്കളുടെ ആവശ്യങ്ങളും ആക്രോശങ്ങളും അവരുടെ ഉള്ളിൽ പൊള്ളിക്കൊണ്ടിരുന്നു.
ഒരു ആയുസ്സിൻറ്റെ ഭൂരിഭാഗവും മക്കളുടെ വിദ്യാഭ്യാസത്തിനായി അദ്ധ്വാനിച്ച തൻറ്റെ ഭർത്താവ് . സിലിണ്ടറിൽ നിന്നും ചെറിയ വാൽവിലൂടെ ജീവവായു ശ്വസിച്ച് ജീവൻ നില നിർത്തുന്ന പരിതാപസ്ഥിതി.....
മക്കളെല്ലാം നല്ല ജോലി സംബാദിച്ചെങ്കിലും അപ്പൻ സംബാദിച്ച പണത്തിനോടും ഭൂമിയോടും ആർത്തിയാണ്‍ .സ്വത്തുക്കൾ ഭാഗം വെക്കുന്നതിന് ,എപ്പോഴെങ്കിലും ഓർമ്മയും ശരീര ചലനവും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന മക്കൾ.....
ആശുപത്രിയിലെ ഐ.സി.യു. വിനു മുന്നിൽ തന്റെ ഭർത്താവിനെ കാണാനുള്ള കാത്തിരിപ്പ് വിരോഹിണി തുടങ്ങിയിട്ട് മണിക്കൂറായി.
മുറിയുടെ അകത്തേക്കും പുറത്തേക്കും ഇടക്കിടെ പൊയ്ക്കൊണ്ടിരുന്ന നേഴ്സുമാരെ അവർ പലവട്ടം ഐ.സി.യു. വിനു അകത്തേക്കു കയറുവാനുള്ള അനുമതിക്കു വേണ്ടി സമീപിച്ചു.
“ഡോക്ട്റോട് അനുവാദം ചോദിക്കാനാവാതെ കയറാൻ പറ്റില്ലെന്ന് അമ്മുമ്മയോട് എത്ര പ്രവാശ്യം പറഞ്ഞു....“
സിറിഞ്ചും മരുന്നും ഒരു ചെറിയ ട്രേയിൽ വെച്ച് മുറിയിലേക്ക് കയറാൻ തുടങ്ങിയ നേഴ്സിനെ വിരോഹിണി തടഞ്ഞു നിർത്തിയപ്പോൾ അവൾ ക്ഷോഭിച്ചു.
“നീയൊന്നും ഗുണം പിടിക്കില്ല...മൂത്തവരേയും കർത്താവിനേം ഭയമില്ല.....”
മനസ്സിൽ പിറുപിറുത്ത് അവർ ബഞ്ചിൽ കൂനിയിരുന്ന് കയ്യിലുണ്ടായിരുന്ന കൊന്തയിലെ മുത്തുമണികൾ ഉരുട്ടി ഒരു ജപമാല തീർത്ത് കണ്ണീരോടെ കണ്ണുകൾ തുറന്നപ്പോൾ മാലാഖയെപ്പോലെ ഒരു കൊച്ചു പെൺ ഡോക്ടർ തന്നെ നോക്കി കുറച്ചു വിഷമത്തോടെ ചിരിച്ചു നിൽക്കുന്നതു കണ്ടപ്പോൾ കൈകൾ കൂപ്പി വിരോഹിണി എണീറ്റു .
“അമ്മയെന്തിനാൺ കരയുന്നത്..?”
“എൻറ്റെ കെട്ട്യോൻ അകത്ത് കിടക്കുകയാ...എന്നെ ഒന്നു അങ്ങേരെ കാണാൻ സമ്മതിക്കു മോളെ....ഒരേ കിടപ്പ് കിടക്കൻ തുടങ്ങീട്ട് ദിവസങ്ങളായി...ഇതുവരെ കാണാനുള്ള ശക്തി ഇല്ലായിരുന്നു...ഇപ്പോൾ...എനിക്കൊന്നു കാണണം...കൊതി തീരെ....“
ഡോക്ടർ അവരെ വാത്സല്യ പൂർവ്വം ചേർത്തു നിർത്തി.
“അമ്മ വിഷമിക്കണ്ട.അമ്മയെ ഞാൻ അകത്ത് കൊണ്ടു പോകാം...പക്ഷേ അപ്പച്ചനോട് ഒന്നും സംസാരിക്കരുത്..എത്ര നേരം വേണമെങ്കിലും കൂട്ടിരുന്നോ...വാ”
പച്ച പുതപ്പുകൊണ്ട് പാതി ശരീരം പുതച്ച് ഓക്സിജൻ മാസ്കിലൂടെ വായു ശ്വസിച്ച് കണ്ണടച്ച് കിടക്കുന്ന തൻറ്റെ ഭർത്താവിനെ കണ്ടവരുടെ ഹൃദയം വേദനിച്ചു.
“അമ്മ ഇവിടിരുന്നോ..ഞാൻ പുറത്തേക്കു പോയിട്ടു വരാം...പറഞ്ഞതറിയാല്ലോ..”
ഡോക്ടർ പുറത്തേക്കിറങ്ങിയപ്പോൾ വിരോഹിണി കർഷകൻറ്റെ മുഖത്തേക്കു നോക്കി.
നര കേറി ശോഷിച്ച ,എല്ലുകൾ ഉന്തിയ മുഖം.
മറ്റുള്ളവരുടെ ജീവനു വേണ്ടി അദ്ധ്വാനിച്ച മനുഷ്യൻ സ്വജീവ വായുവിനായി ബദ്ധപ്പെടുന്നു.
കണ്ണീരാൽ ഖനം തൂങ്ങിയ കണ്ണുകളോടെ വിരോഹിണി കർഷകനെ തന്നെ നോക്കിയിരുന്ന് മെല്ലെ കവിളിൽ തലോടി കണ്ണുകളടച്ച് ജപമാല മണികളിൽ വിരൽ ചലിപ്പിച്ചു.
“വിരോണി...”
കർഷകൻ വിളിക്കുനതുപോലെ തോന്നി അവർ കണ്ണുകൾ തൂറന്നു.
“എന്നെ വിളിച്ചോ...”
അയാളുടെ കണ്ണുകൾ തുറന്നിരിക്കുകയാണ്.കണ്ണിൽ നിന്നും ഉതിരാനൊരുങ്ങുന്ന നീർ മുത്തുകൾ.
“നീയെന്റെ നെഞ്ചിൽ ഒന്നു ചെവിയോർത്തേ..”
കർഷകൻ പറയുന്നതുപോലെ തോന്നിയവർ സാവധാനം നെഞ്ചിൽ തല വെച്ചു അയാളുടെ ക്ഷീണിച്ച കവിളിൽ തലോടിയപ്പോൾ അയാളുടെ മനസ്സിൻറ്റെ പുലംബൽ കേട്ടു :
“വിരോണി എനിക്കു വയസ്സ് എഴുപത്തിയാറായി...ഈ ആയുസ്സിൻറ്റെ ഭൂരിഭാഗം മുഴുവൻ എനിക്കും നിനക്കും മക്കൾക്കും മണ്ണിനും....നെല്ലിനും ,തെങ്ങിനും.. ഒക്കെ വേണ്ടി കഷ്ടപ്പെട്ടു.അവസാനം ആ ചുട്ടു പഴുത്ത പകലിൽ സൂര്യാഘാതമേറ്റ് ഞാൻ വീഴുംബോൾ ഒരിക്കലും ഈ ഒരവസ്ഥ വരുത്തരുതേയെന്നാണ് കർത്താവിനോട് പ്രാർത്ഥിച്ചത്....കർത്താവ് കേട്ടില്ല....ഓർമ്മയില്ലാതെ ..പാതി ജീവനോടെ മരിക്കാതെ മരിച്ച്....വിരോണി..”
“എന്തോ...മക്കളുടെ അപ്പൻ പറയൂ..”
“നീയെന്നെ സ്നേഹിക്കുന്നില്ലേ..”
“ഉവ്വ്..നിങ്ങളേയും നിങ്ങളുടെഈ മേത്തേ മണ്ണീൻറ്റെ മണോമൊക്കെ ഇഷ്ടാ....”
“അത്രയ്ക്കിഷ്ടാണങ്കിൽ...എനിക്കീ കിടപ്പ് വയ്യ..മണ്ണ് കാണാതെ..എൻറ്റെ മക്കളെ കാണാതെ..വിരോണിയെ കാണാതെ......നിനക്കെന്നെ ഒന്നു അവസാനിപ്പിച്ചു കൂടെ...ഞാൻ എന്തിനു ഇങ്ങിനെ കിടക്കണം പാതി ജീവനായി .....”
അവരുടെ മനസ്സിൽ സങ്കടത്തിൻറ്റെ ലാവ പുകഞ്ഞു കണ്ണിരായി പരിണമിച്ച് ഒഴുകി.
ചിന്തയുടേയും വിചിന്തനത്തിൻറ്റേയും കണ്ണീർച്ചാലുകളും തലച്ചോറിലെ സ്പന്ദനങ്ങളും അവരുടെ കൈ വിരലുകളെ കർഷകൻറ്റെ വായ് മൂടിയിരുന്ന ഓക്സിജൻ മാസ്കിലേക്കു അടുപ്പിച്ചു.വിറയാർന്ന അവരുടെ വിരലുകൾ അതൂരിമാറ്റിയപ്പോൾ ശ്വാസത്തിനായുള്ള അയാളുടെ പിടച്ചിലിൽ അയാളുടെ നെഞ്ചിൽ അവരുടെ മുഖം ഉയ്യർന്നു പൊങ്ങി.....മൂന്നു തവണ ..പിന്നെ ആ ശ്വാസം നിലച്ചപ്പോൾ അവർ കണ്ണുകൾ അടച്ചു...മനസ്സിൽ തലയറുക്കപ്പെടുന്ന കാളയുടെ വിലാപം.....
ആ കിടപ്പിൽ ജപമാല മണികൾ ഉരുട്ടുംബോൾ അവരുടെ അടങ്ങിയ തേങ്ങല്‍ കേൾക്കാമായിരുന്നു..........ഒപ്പം കര്‍ഷകന്‍റെ ആ നാടൻ പാട്ടും.....
“ഞാൻ ഒരു പത്ത് ഞാറുനട്ടേ
ഞാറിലൊരഞ്ചെണ്ണം നീരെടുത്തേ
നീരു തരുന്നത് ഉയിരാണേ
ഉയിരു തരുന്നതെന്താണ്...................................................”
ജോമോൻ ആന്റണി
No comments:
Post a Comment