Friday, September 2, 2011

മുറിവേറ്റവർ

മഞ്ഞുമുത്തുകള് ചിതറി വീണു പാറകെട്ടുകളുടെ പുറം ചട്ട പാടെ നനഞ്ഞിരുന്നു.
കുഞ്ഞരുവികൾ പോലെ ജലകണങ്ങൾ ഒലിച്ചിറങ്ങി,അരുവികൾ ചിലത് പാതി വഴിയിൽ അസ്തമിച്ചു അവയുടെ ഒഴുക്കിന്റെ സ്രോതസ്സ് നിലച്ചപ്പോൾ.
സൂര്യകിരണങ്ങൾ ചൂട് പാകിയെങ്കിലും മഞ്ഞുമറ ശോണിമയുടെ നടത്തത്തിനു തടസ്സം നിന്നു...
സമുദ്ര നിരപ്പില് നിന്നും വളരെ ഉയരത്തിൽ ആരേയും ഭയപ്പെടൂടുത്തി നില്ക്കുന്ന ആ മല കയറാൻ ശോണിമക്ക് തെല്ലും അങ്കലാപ്പോ ഭയമോ ഇല്ലായിരുന്നു.
മനസ്സ് തീരുമാനം എടുത്തതാണ്. മനസ്സിന്റെ മാത്രം ചട്ടക്കൂടിലേക്ക് ഒതുങ്ങിപ്പോയ ബുദ്ധി മനസ്സിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും വിഫലമാണ്.
ഉരുക്കുമുള്ളൂകൾ‍ പോലെ പാറക്കെട്ടിന്റെ ഉപരിതലത്തിൽ അലസിക്കിടന്ന കൽച്ചീളുകളിൽ തട്ടി കാൽപാദങ്ങൾ മുറിവേറ്റെങ്കിലും അവൾക്ക് വേദന തോന്നിയില്ല:ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ്.
മരണം. ജീവന്റെ സത്യമായ മറുപുറം.
സ്വയം തീർക്കുന്ന വേദിയിലോ അപ്രതീക്ഷിതസമയത്തോ കണ്ടുമുട്ടുന്ന മുഖം.
തന്നെ കാണാതകുന്ന ഈ പകൽ മുതൽ , തന്റെ ജഡം തിരിച്ചറിയാപ്പെടുന്ന നേരം വരെ വാർത്തകൾ‍ പലതു വരാം.
“ബീടെക് വിദ്യാത്ഥിനി കൊല്ലപ്പെട്ട നിലയിൽ”
“ശോണിമയുടെ മരണം ആത്മഹത്യയോ കൊലപാതകമോ...”
“ബീ ടെക് വിദ്യാർഥിനിയെ കാണ്മാനില്ല.”
ഒരു പക്ഷേ നേരത്തെ അച്ചടിച്ചു വരുന്ന പത്രങ്ങളിലെ വാർത്ത ആ വിധത്തിലായിരിക്കും!
വിചാരണ അങ്ങനെ തന്നെ തുടങ്ങട്ടെ.
നഗര മധ്യത്തിൽ ആധുനിക സൊകര്യങ്ങളോടു കൂടിയ “മാധവത്തിന്റെ“ മതിൽക്കെട്ടിനു പുറത്തും ആലുവാ ചരൽ പാകിയ മുറ്റത്തും
അയൽക്കാരും , വാർത്താ മാധ്യമ സംഘങ്ങളും അവിശ്രമം നിലകൊള്ളുന്നത് മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായിട്ടാകും.
ഉത്തരം പറയേണ്ടത് പ്രതീക്ഷിക്കാത്ത ആഘാതത്തിൽ മനസ്സു തളർന്ന അച്ഛനും അമ്മയും..!
“മാധവൻ നായരുടെ കുടുംബ ചരിത്രമെടുത്ത് പരിശോധിച്ചാൽ,ഇങ്ങിനെ ഒരു സംഭവം ഇതു വരെ ഉണ്ടായിട്ടില്ല..”
“ഒരു പെടു മരണമോ,ആത്മഹത്യയോ, കൊലപാതകമോ....”
“മുത്തച്ഛന്മാരായിട്ട് ഈ നാട്ടില് വേരുറഞ്ഞ കുടുംബമാണ്.എല്ലാവർക്കും സർക്കാർ ജോലിതന്നെയായിരുന്നു...മാധവൻ നായർ ചീഫ് ലേബർ ഓഫീസർ,ലീലാവതിയാണെങ്കിൽ കോളേജിൽ പ്രൊഫസറും“
“...ഒരൊറ്റ മോള്,എല്ലാവിധത്തിലും സംബന്നമായ കുടുംബം...ന്നാലും ആ കുഞ്ഞിനെന്തു പറ്റി ഈശ്വരാ.”
ആ നാടിന്റെ ചരിത്രവും കഥകളും അറിയാവുന്ന പ്രായമായവർ സ്വയം ചോദിക്കുകയും ആ അറിവ് ഇല്ലാത്തവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന കാര്യങ്ങൾ…
ഒരു വിധത്തില് ശോണിമയെ അറിയാവുന്നവരുടെ മറ്റൊരു തരത്തിൽ അറിയാത്തവരുടെ വ്യഥചിന്തകൾ (?)
പ്രത്യക്ഷമായ വസ്തുവിൽ ചേർന്നിരിക്കുന്ന അപ്രത്യക്ഷമായ ഘടകങ്ങൾ തിരിച്ചറിയാൻ എത്ര പേർക്കു സാധിക്കും ? അതുപോലെയാണ് മനുഷ്യ മനസ്സും.
മനുഷ്യന്റെ ജഡം കീറിമുറിച്ച് പരിശോധിക്കാൻ ഡോക്ടർക്ക് കഴിയും
-മനസ്സിനെ കീറിമുറിക്കാൻ ,സ്വയം അവലോകനം ചെയ്യാൻ , മനസ്സിലെ അനവശ്യമായ ഘടകങ്ങൾ ഏതൊക്കെയാണെന്ന് തിരയാൻ തിരിച്ചറിയാൻ തിരുത്താൻ ഒരുവനു സ്വയമേ കഴിയൂ.
ആ തിരിച്ചറിവിന്റെ,തിരുത്തലിന്റെ അനന്തരഫലമാണ് ഈ മലമുകളിലേക്കുള്ള യാത്ര. തന്റെ ജീവ സാന്നിദ്ധ്യം അപരർക്കു ഹാനികരവും,സ്വമനസ്സിന് ദുഷ്ക്കരവുമകുംബോൾ മരണം അനിവാര്യമായി തോന്നുന്നത് തെറ്റാണോ.?
ഈ യാത്ര നേരത്തെ ആകണമായിരുന്നു.
പുകഞ്ഞ സിഗററ്റ് മണക്കുന്ന അയാളുടെ ചുണ്ടുകൾ അതിമൃദുവായ തന്റെ കവിളിൽ ആദ്യമായ് ചേർത്തപ്പോൾ.
അയാളോ ..? അയാളല്ല……………!!
ഇന്നലെ അവസാന അത്താഴത്തിന് ജ്യോതിയെ ക്ഷണിച്ചത് എല്ലാം തുറന്നു പറയാനും ഒപ്പം താനാർക്കും ഒരു ബാദ്ധ്യതയല്ലെന്നു അവനെ ബോധ്യപ്പെടുത്തുവാനുമാണ്.
അതുപോലെ അവൾക്കു അവനോട് ഒരു ചോദ്യവും ബാക്കിയുണ്ടായിരുന്നു.
ജ്യോതിസ് ,നീയെന്തിനാണെനിക്ക് മരണ ദാഹികൾ കാംക്ഷിക്കുന്ന ഈ ചാത്തൻ മലയെക്കുറിച്ച് പറഞ്ഞു തന്നത്.
നമ്മുടെ അവസാനത്തെ തീവണ്ടിയാത്രയിൽ പോലും നീയെന്നെ എത്ര വട്ടം ഈ മല യെക്കുറിച്ച് ഓർമ്മപ്പെടുത്തിയെന്ന് അറിയ്വോ.?
എനിക്കറിയാം…….എന്തിനായിരുന്നുവെന്നും!
നീയും എന്റെ മരണം ആഗ്രഹിക്കുന്നു.
ജ്യോതി നീയെനിക്ക് നൽകിയ സ്നേഹത്തിനും ശ്രദ്ധക്കും സംരക്ഷണത്തിനും നന്ദിപറയുവാനും കൂടിയാണ് നിന്നെ ഞാൻ റൂമിലേക്കു ക്ഷണിച്ചതും ,എത്ര തിരക്കുണ്ടെങ്കിൽ കൂടി എത്തണമെന്ന് ശടിച്ചതും!
“ദാ..കഴിക്ക്.ഫ്രൈഡ് ചിക്കൻ,ഫ്രെഞ്ച്ഫ്രൈസ്, ആൻഡ് റൈസ്..നിന്റെ ഫേവറേറ്റ് ഡിഷ്.”
ഹെൻകിന്റെ മോന്ത തുറന്ന് ബിയർ ഗ്ലാസ്സിലേക്ക് പകർത്തി കുഴഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.
ബിയറിന്റെ ലഹരി അവളുടെ ശരീരത്തിൽ പടർത്തുന്ന ചൂടിനെ തോൽപ്പിക്കാൻ നവംബറിന്റെ രാത്രി തണുപ്പിന് കഴിയുന്നില്ല.
ജ്യോതിസ് ശോണിമയുടെ മുറിയിലെത്തിയപ്പോൾ അവൾ രണ്ടൊ മൂന്നോ ടിൻ ബിയർ അകത്താക്കിയിരുന്നു.
ഈ ഒരു കൂടിക്കാഴ്ചക്ക് അവന് ഒട്ടും മനസ്സില്ലായിരുന്നു.എന്നിട്ടും?
അവൻ നിസ്സംഗതയോടെ അവളെ നോക്കിയിരുന്നു.
ശോണിമ വീണ്ടും നിർബന്ധിച്ചപ്പോൾ ഒരു ഗ്ലാസ്സ് ബിയറും കുറച്ചു ആഹാരവും കഴിച്ചുവെന്ന് വരുത്തുവാൻ ശ്രമിച്ചു.
“Do you want my flesh……? Want my blood?”
ശോണിമയുടെ ചോദ്യം അവനിൽ ആദ്യം ഒരു ഞെട്ടലുണർത്തിയെങ്കിലും പിന്നെ മനസ്സിലതൊരു പരിഹാസമായിത്തീർന്നു.
ഉഴറിയ കണ്ണുകളാലവനെ കേന്ദ്രീകരിക്കാൻ ശ്രമിച്ച് ഒരു കയ്യിൽ ബിയറും മറു കയ്യിൽ ചിക്കന്റെ ഒരു കഷണവുമായി ആടിയാടി ഇരുന്ന് അവൾ പറഞ്ഞു:
“നിനക്കെന്റെ ശരീരം വേണോ…….ദാ..ഇതെന്റെ ശരീരം..ഇതെന്റെ രക്തം…ഇതെന്റെ പാപങ്ങൾ നീക്കാൻ ഞാൻ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നു……ഹഹ…”
ലഹരിയുടെ മൂർദ്ധന്യത്തിൽ സമചിത്തത കൈവിട്ടവളെപ്പോലെ അവൾ ഉച്ചത്തിൽ ചിരിച്ചു.
ക്രിസ്തു തന്റെ പ്രിയ ശിഷ്യന്മാർക്കു വേണ്ടിയൊരുക്കിയ ലാസ്റ്റ് സപ്പറിന്റെ സ്മരണപുതുക്കലല്ല ഈ അവസനാത്തെ അത്താഴം.
ക്രിസ്തു പാപികൾക്കുവേണ്ടി ജീവൻ ത്യജിച്ചെങ്കിൽ ശോണിമ തന്റെ പാപങ്ങൾക്ക് തീർപ്പു കൽപ്പിക്കുവാനൊരുങ്ങുന്നു.
ശോണിമയുടെ വാക്കുകളും പ്രവൃത്തികളും ജ്യോതിസിനെ അസ്വസ്ഥമാക്കുകയും ഭയപ്പെടുത്തുകയും ചെയ്തു.
“നിനക്കോർമ്മയുണ്ടോ..നമ്മുടെ ആദ്യ ഗെറ്റ് ടുഗദർ ഡേ…നീയെന്നെനിക്ക് പഴകി മൂത്ത മുന്തിരിച്ചാറിൽ മണമില്ലാത്ത മദ്യം പകർന്നു തന്ന് നിർബന്ധിച്ചു കുടിപ്പിച്ചു….“when you want to say no, don’t say yes“….എന്റെ മനസ്സ് പലവട്ടം അരുതെന്നു വിലക്കിയിട്ടും നിന്റെ സ്നേഹത്തിനും നിർബന്ധത്തിനും മുന്നിൽ ഞാനതു പാനം ചെയ്തു…വീണ്ടും വീണ്ടും…..നിന്റെ സ്നേഹം ആർത്തിയോടെ കുടിച്ചു .അവസാനം ലഹരിയിലും , ബോധത്തിന്റെ അവസാന കണം ബാക്കി നിൽക്കുംബോൾ നിന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ആൺ - പെൺ സൊഹൃദത്തിന്റെ മറവിൽ നീയെന്റെ ശരീരം ഭക്ഷിച്ച് ഭോഗ തൃഷ്ണ അടക്കി…പിന്നീട് നീയതിനെ പ്രണയ ദാഹം എന്ന അലങ്കാരം കൊണ്ട് വിശേഷിപ്പിച്ചു.എന്റെ സ്നേഹവാഞ്ചനക്ക് അതൊരു തണലായിരുന്നു …നിന്റെ പ്രണയ നാടകം….! ”
അവളുടെ കാഴ്കക്ക് മുന്നിൽ അവനുണ്ടായിരുന്നില്ല.
പീലാത്തോസ് കൈകഴുകിയ വെള്ളം നീ കുടിച്ചു ശിഷ്യനായിരിക്കുന്നു.ഒന്നെങ്കിൽ പീലാത്തോസിന്റെ – അല്ലെങ്കിൽ അയാളുടെ,ദയനന്ദൻ മാഷിന്റെ.
ഒരു കൊമാരക്കരിയുടെ മനസ്സിന്റെ മുറിവ് അവളിൽ നോവുണര്‍ത്തി.
ദയാനന്ദൻ മാഷ്.
ദയയുടെ അതാര്യകവചം വാക്കിലൂടേയും പ്രവൃത്തികളിലൂടേയും സുതാര്യമാക്കി ജീവിതത്തിൽ ആനന്ദം കണ്ടെത്തുന്നവനല്ലെ ദയാനന്ദൻ?
മനുഷ്യന്റെ പാപപങ്കിലമായ കർമ്മങ്ങളിലും ചിന്തകളിലും നൽവചനങ്ങളുമായി പുതുപ്രകാശം പരത്തിയ ക്രിസ്തുവിനെ പോലെയോ , ശ്രീകൃഷ്ണനെപോലെയോ
മുഹമ്മദ് നബിയെപ്പോലെയോ ആത്മീയതയുടെ ഒരു പ്രഭാവലയം മാഷിന് ചുറ്റും കുട്ടികള് മാത്രം ആയിരുന്നില്ല കണ്ടെത്തിയത് : സഹ അധ്യാപകരും മാതാപിതാക്കളും,നാട്ടുകാരും.
തന്റെ ശാലീന സൌന്ദര്യമോ, പതിനാറുകാരിക്കപ്പുറമുള്ള ആകാരവളർച്ചയോ, പ്രകൃതത്തിലുള്ള മിതത്വമോ , അയാൾ തന്നിലേക്ക് ആകർഷണീയതനാവാൻ കാരണം എന്തായിരുന്നുവെന്ന് മഴ ചാറി നിന്ന ഒരു വൈകുന്നേരമാണ് അവൾ തിരിച്ചറിഞ്ഞത്…..
ലാബിൽ ഒറ്റപ്പെട്ടുപോയ ഒരു നിമിഷം.പിന്നിൽ നിന്നും വരിഞ്ഞ മൃദുലമായ ഒരു കരവലയത്തിൽ മറ്റേതോ ഭൂതലത്തിൽ കുറുകി നിന്ന പ്രാവിനെപ്പോലൊരു അപ്രതീക്ഷിത വേള.
സിഗററ്റ് മണം വെറുത്തിരുന്നെങ്കിലും, അതിന്റെ ദുർഗന്ധം വമിക്കുന്ന ചുണ്ടുകളുടെ ലാളനം അനുഭൂതിയുടെ സപ്ത സംഗമ തീരത്തേക്ക് കൂട്ടിക്കൊണ്ടുപോയ മുഹൂർത്തം.........!
അരുതെന്നു വിലക്കിയെങ്കിലും അവളുടെ ശബ്ദത്തിന് മാർദ്ദവമായിരുന്നു.
പെരുമഴയിൽ ഇളം വെയില് നൽകുന്ന ചൂട് മഴനൂലുകൾക്ക് ചിറകുകൾ നെയ്തു: ദയനന്ദൻ മാഷിന്റെ ഗന്ധം. അരക്ഷിതക്ക് സുരക്ഷിതത്വവും.
സ്കൂളിന്റെ കോണിപ്പടികളിലോ,വാകമരത്തണലിലോ ഏകയായിരിക്കുംബോൾ ആശ്വാസം നല്കിയിരുന്ന മാഷ് പലപ്പോഴും ഒരേ ചോദ്യമാണ് ചോദിക്കുന്നത് .
“ശോണിമ തന്റെ പേരു അന്വർഥമാക്കുകയാണ് തന്റെ ഭാവവും എപ്പോഴും ആലോചനയിലാണല്ലോ…?”
എനിക്ക്കാരുമില്ല മാഷേ എന്നുപറയാനാണ് പലപ്പോഴും ശോണിമക്ക് തോന്നിയിട്ടുള്ളത്.
എല്ലാവരും ഉണ്ടായിട്ടും അനാഥത്വം.
അമ്മക്ക് ജോലിയോടാണ് അതിരറ്റ സമർപ്പണം : അച്ഛന് പണത്തോടൂള്ള അടങ്ങാത്ത അഭിനേശവും.
പല്ലു കൊഴിഞ്ഞ കുഞ്ഞിപ്പാവകൾക്കു നടുവിൽ പോലും ശോണിമ ഏകയാണ്.
“അധികം സൊഹൃദങ്ങളൊന്നും വേണ്ട. അരുതാത്ത കാലമാണ്. പെണ്ണാണെന്ന ബോധ്യത്തോടെ അവനവന്റെ കാര്യം നോക്കി പടിക്ക്.....ഇന്നത്തെ കാലത്ത് മിനിമം
ഒരു പ്രൊഫഷണൽ ഡിഗ്രിയെങ്കിലും വേണം കല്യാണം കഴിപ്പിച്ചയക്കാൻ.......”
മനസ്സിനും ശരീരത്തിനും ക്ഷതമേറ്റ മകൾക്ക് ഒരു കല്യാണമോ..?
തനിന്നൊരു പ്രണയിനി ആണ്‍
ഒരിക്കലും ലഭിക്കാതിരുന്ന അംഗീകാരത്തിന്റേയും സ്നേഹത്തിന്റേയും സുരക്ഷിതത്വത്തിന്റേയും അപ്രതീഷിതമായ നിറവിൽ സ്വയം സമർപ്പിച്ചത് പ്രണയത്തിന്റെ ജ്വാലാമുഖിയിലാണെന്ന് മനസ്സാക്ഷിയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു……..അവൾ!
പക്ഷേ-
ദിവസങ്ങൾ അതി വേഗം ഉരുകിത്തീർന്നു കൊണ്ടിരിക്കേ പാംബിന്റെ വായില്പെട്ട തവളകളുടെ ഒരു നിര പ്രത്യക്ഷരാകാൻ നിർബ്ന്ധിതരായി.ആണും പെണ്ണും.
ദയനന്ദന് മാഷ് -നിയതി കാട്ടിത്തരുന്ന കള്ള നാണയങ്ങളിലൊന്ന്.
നികൃഷ്ടരായാ പീഡകരുടെ മഹാത്മാവ്..തന്റെ പ്രിയതമൻ.
മാധവത്തിന്റെ പുറത്തുള്ള ഒരു പറങ്കി മാവിൽ, കാറ്റ് തൂകി കറങ്ങി നിശ്ചലം നില്ക്കുന്ന പങ്കയിൽ ആ അപക്വ ഹൃദയം ആദ്യം മരണം മോഹിച്ചു.........!
തിരഞ്ഞെടുത്ത വഴിയിലെത്താനുള്ള ഭയവും , തവളകളുടെ എണ്ണത്തിലേക്ക് ഒന്നുകൂടി ചേർക്കപ്പെട്ട് സ്വന്തക്കാർക്ക് അപമാന ഭാരം വരുത്തരുതെന്ന ശങ്കയും ആത്മഹത്യയെന്ന ചിന്തയെ അവൾ നിരന്തരം നിർവീര്യമാക്കി.
പിന്നീട് ഒന്നു മാത്രം മനസ്സിൽ ഉറപ്പിച്ചു.
"when yo want to say no.don‘t say yes.."
എങ്കിലും കുറ്റബോധത്തിന്റെ ഉൾക്കിടിലങ്ങളാൽ ശോണിമ യാമങ്ങളോളം ഉറങ്ങാതിരുന്നു.അവളുടെ മുറിവേറ്റ ഹൃദയത്തിന്റെ നിണപാടുകൾ അമ്മയോ മറ്റാരുമോ കണ്ടില്ല.
രാത്രി മദ്യപിച്ച് മനസ്സയയുംബോൾ പടന വിവരം തിരക്കാനെത്തുന്ന അച്ഛന്റെ കണ്ണുകളിൽ പോലും കാമത്തിന്റെ വന്യത നാക്കു നീട്ടുന്നുണ്ടെന്ന് അവളെ തോന്നിപ്പിച്ചത് ഉൾഭീതിയോ അപ്രത്യകഷമായ ആപത്തിന്റെ കരുതലോ.
വളരും തോറും അവൾ ഒന്നുമാത്രം മനസ്സിൽ ഉരുവിട്ടുകൊണ്ടേയിരുന്നു.
"when yo want to say no.don‘t say yes.."
ആരോ പറഞ്ഞു വെച്ച അർത്ഥവത്തായ ജീവ വാക്യം അവൾ പറയുന്തോറും അതിന്റെ അർഥം അയഞ്ഞു വന്നു.
ശോണിമയുടെ മനസ്സ് കടിഞ്ഞാണരിഞ്ഞ കുതിരയെപ്പോലെ സുഖ താപ ശീതോഷ്ണ തലങ്ങളിലൂടെ അവിരാമം പായുംബോള് അവൾ ഉൾസാക്ഷിയോട് അത്യ്ച്ചത്തിൽ അലറി.
“വേണ്ടാ.എനിക്കു ജീവിക്കണ്ടാ........എനിക്കു മരിക്കണം.”
അവൾ ചാത്തൻ മലയുടെ മുകളിലെത്തി ഭ്രാന്തിയെപ്പോലെ ഉച്ചത്തിൽ പുലംബി.
“വേണ്ടാ.എനിക്കു ജീവിക്കണ്ടാ........എനിക്കു മരിക്കണം.”
ആ പ്രാണ വിലാപത്തിന്റെ ഹേതു കൊമാരത്തിന്റെ ചുമർചിത്രത്തിൽ തെറിച്ചു വീണ ചായക്കൂട്ടൊരുക്കിയ ബീഭത്സരൂപം അവളെ നോക്കി പല്ലിളിക്കുന്നതു കൊണ്ടുമാത്രമായിരുന്നോ..........!!!
ദിവസങ്ങൾക്ക് ശേഷം അവളുടെ ജഡം പ്രത്യകഷമായെങ്കിലും ഏവർക്കും ഒരു സമസ്യയായി അവളുടെ മനസ്സ് അപ്രത്യക്ഷമായി നിന്നു……….!


സമർപ്പണം:
ലൈംഗിക പീഡനത്തിനാരയായിട്ടുള്ള ആൺ - പെൺ ഭേദമന്യേ എല്ലാവർക്കും ആയിട്ട് ഞാനീകഥ സമർപ്പിക്കുന്നു.

ജോമോൻ ആന്റണി.

Thursday, September 1, 2011

“ജന്മദിനം” (തിരക്കഥ)



സീൻ 1
രാത്രി.
നഗരം ,തിരക്കൊഴിഞ്ഞ ഒരു പ്രദേശം.
പ്രകാശ പൂരിതമായി നിൽക്കുന്ന ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ പുറം ദൃശ്യം.

കട്ട് റ്റു.

സീൻ 1 ഏ
രാത്രി.
നഗരം , തിരക്കൊഴിഞ്ഞ ഒരു പ്രദേശം.
വർക്കിംഗ് വിമൻസ് ഹോസ്റ്റൽ.
ഒന്നാം നിലയിലെ ഒരു മുറി.
അരണ്ട വെളിച്ചം മുറിയിൽ വീണുകിടക്കുന്നു.
തുറന്നിട്ട ജനലരികിൽ ദൂരെ കണ്ണു നട്ട് ,മനോവ്യഥയിലും നിരാശയിലും നിൽക്കുന്ന മരിയയുടെ നിഴൽ രൂപത്തിന്റെ പിൻ ദൃശ്യം.
അവളുടെ കാഴ്ച്ചയിൽ-
അകലെ കളർമുത്തുകളായി മിന്നിമായുന്ന വാഹനങ്ങളുടെ ലൈറ്റുകളുടെ തിളക്കം പൂർണ്ണമായും മഞ്ഞ നിറം കൈവരിക്കുംബോൾ ദൃശ്യം ഒരു മെഴുകുതിരി നാളത്തിലേക്ക് ലയിക്കുന്നു.
കട്ട്.

സീൻ 2
രാത്രി (തുടർച്ച)
നഗരം , തിരക്കൊഴിഞ്ഞ ഒരു പ്രദേശം.
വർക്കിംഗ് വിമൻസ് ഹോസ്റ്റൽ.
മരിയയുടെ മുറി.
മുറിയുടെ ഒരു ഭാഗത്ത് ടീപ്പോയിൽ വെച്ചിരിക്കുന്ന ക്രിസ്തു രൂപത്തിൻ മുൻപിൽ കത്തി നില്ക്കുന്ന മെഴുകു തിരി.
കണ്ണുകളടച്ച് മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന മരിയ.
മരിയയുടെ മുഖം ഇപ്പോൾ വ്യക്തമാണ്.
ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന സൊന്ദര്യമാർന്ന മുഖത്ത് വിഷാദത്തിന്റേയും നിരാശയുടേയും നിഴൽപ്പാടുകൾ.
പ്രാർത്ഥിക്കുംബോൾ അവളുടെ ചുണ്ടുകൾ വിതുംബുകയും കണ്ണീർമുത്തുകൾ കവിളിൽ കൂടി ഊർന്നിറങ്ങുകയും ചെയ്യുന്നു.
ദൃശ്യത്തിൽ ഇരുൾനിറയുന്നു.

കട്ട്.

സീൻ 3
രാത്രി.
നഗരം , തിരക്കൊഴിഞ്ഞ ഒരു പ്രദേശം.
വർക്കിംഗ് വിമൻസ് ഹോസ്റ്റൽ.
മരിയയുടെ മുറി.
കസേരയിലിരുന്ന് ടേബിൾ ലാമ്പ് ഓണാക്കുംബോൾ ദൃശ്യത്തിലേക്ക് വരുന്ന പ്രകാശം.
ടേബിൾ ലാമ്പിനരികെ ഒരു ഡബിൾ ഫോട്ടോ ഫ്രേം മടക്കി വെച്ചിരിക്കുന്ന്ത് പെട്ടന്ന് ശ്രദ്ധിക്കില്ല ആരും.
ഡയറിയിൽ എന്തോ കുറിക്കാനിരിക്കുന്ന മരിയ ചുവരിലെ ക്ലൊക്കിലേക്ക് നോക്കി.
ക്ലോക്കിൽ പന്ത്രണ്ടിന് പത്ത് മിനിറ്റ് സമയം ബാക്കി നിൽക്കുന്നു.
ഇപ്പോൾ മരിയയുടെ മുഖത്ത് അത്ര നിരാശയോ വിഷാദമോ ഇല്ല: കരഞ്ഞു തീർത്തതുകൊണ്ടാവാം.
അവൾ ഡയറി തുറന്ന് മെല്ലെ എഴുതിത്തുടങ്ങി.
ഡയറിയുടെ പേജിൽ തിയതി വ്യക്തമാണ്: 19.06.2008.
അവൾ എഴുതിത്തുടങ്ങുംബോൾ പശ്ച്കാത്തൽത്തിൽ അവളുടെ ശബ്ദം:
“ആർക്കാണന്നറിയില്ല…എന്തിനാണന്നറിയില്ല..പക്ഷേ എനിക്കിതു എഴുതാതിരിക്കാൻ കഴിയുന്നില്ല…… ആരും ഓർക്കാനിഷ്ടപ്പെടാത്ത ഒരിക്കലും ആഘോഷിക്കാത്ത എന്റെ പിറന്നാളാണ് നാളെ…എന്റെ ഇരുപതാം പിറന്നാൾ….മറ്റാരേക്കാളും നഷ്ടം എനിക്കാണ് ഉണ്ടായത്…എന്നിട്ടും എല്ലാരും എന്നെ പഴിക്കുന്നു..ഞാനവശ്യപ്പെടാതെ കിട്ടിയ…എന്റെ ജന്മം…….”
അവൾ മേശയിലിരുന്ന ഫോട്ടോഫ്രൈം തുറന്ന് പപ്പായേയും അമ്മയേയും നോക്കി.
മാനസിക് വേദനയോടെ അമ്മയുടെ മുകത്ത് തലോടി.
ദൃശ്യം ഇരുട്ടിലേക്ക്.
പശ്ചാത്തലത്തിലെ ആർദ്രമായ സംഗീതത്തിലേക്ക് അമ്മയുടെ പ്രസവ വേദനയും പിറന്ന് വീണ കുഞ്ഞിന്റെ കരച്ചിലും ലയിച്ചുയരുന്നു.
പെട്ടന്ന് പശ്ചാത്തലത്തിൽ പരിഭ്രമിക്കുന്ന നേഴ്സിന്റെ സ്വരം:
“ഡോക്ടർ..ഡോക്ടർ….”
“എന്റെ മോളെ…എന്റെ പൊന്നുമോളെ …..”
ആരുടേയോ അലറിക്കരച്ചിൽ പൊടുന്നനെ കേൾക്കായി…….
കട്ട്.


സീൻ 4
പ്രഭാതം
ഒരു സെമിത്തേരി.
മുഴങ്ങുന്ന പള്ളി മണി,
മഞ്ഞേറ്റു കിടക്കുന്ന കല്ലറകൾ.
സിസിലി ജോസഫ്
ജനനം:12.04.1960
മരണം:20.06.1988.
ഒരു കല്ലറയുടെ മാറിൽ ആലേഖനം ചെയ്യപ്പെട്ട വിവരവും അവരുടെ പഴയ ചിത്രവും:മരിയയുടെ അമ്മയാണ്.
കല്ലറയിൽ പൂക്കൾ അർപ്പിച്ച് മെഴുകുതിരി തെളിച്ച് പ്രാർത്ഥിക്കുന്ന മരിയ.
വിദൂര ദൃശ്യത്തിൽ മരിയ.
പശ്ചാത്തലത്തിൽ അവളുടെ സ്വരം:
“മമ്മാ…ഇന്ന് മമ്മായുടെ ഓർമ്മ ദിനമാണ്…എനിക്കു ജന്മം തന്ന് മമ്മ എന്നെപിരിഞ്ഞ് പോയിട്ട് ഇരുപത് വർഷായി….പപ്പാ ആരോടൊ ഒത്ത് എവിടേയോ സുഖമായിട്ട് ജീവിക്കുന്നു….ഞാൻ ജനിച്ചതുകൊണ്ടാണ് മമ്മ മരിച്ചതെന്ന് പലരും ഇപ്പോഴും അടക്കം പറയുന്നു…ഒരോരുത്തരും അവരവരുടെ ജന്മദിനത്തിൽ സന്തോഷിക്കുംബോൾ ഞാൻ മാത്രം കരയകയാണ്…എന്റെ മമ്മയെ ഓർത്ത്…എനിക്കാരുമില്ല മമ്മാ………”
മുട്ടുകുത്തി കല്ലറയിൽ കൈമുട്ടു വെച്ച് നെറ്റി താങ്ങികരയുന്ന മരിയ…..

കട്ട് റ്റു (തുടർച്ച)

നിരത്ത്
നിരത്തിന്റെ ഇരുവശവും മഞ്ഞ് പുതച്ചു നിൽക്കുന്ന മരങ്ങൾ.
അതിന്റെ ഓരത്തു കൂടെ പതിയെ നടന്നു പോകുന്ന മരിയയുടെ അകലുന്ന ദൃശ്യം.
“ഇതൊരു ദു:ഖം മാത്രം….ആഘോഷിക്കുവാനും ആഹ്ലാദിക്കുവാനും ജന്മദിനം പോലുംഅറിയാത്തഎത്രയോ അനാഥ ദു:ഖങ്ങൾ ഈ ഭൂ വീഥിയിൽ….”
മരിയയുടെ ദൃശ്യം മറയുന്നതോടൊപ്പം ഈ വാക്കുകൾ സ്ക്രീനിൽ തെളിയുന്നു.

(ശുഭം)

Tuesday, August 30, 2011


ഓക്സിജന്‍


സകല ദുരിതങ്ങളും ,സങ്കടങ്ങളും സന്തോഷങ്ങളും സമ്മാനിച്ച് ഞങ്ങളെ ഭൂമിയിലേക്ക് അയച്ച കർത്താവേ ...ജീവിതാന്ത്യത്തിലെങ്കിലും സമാധാനത്തോടെ മരണത്തെപ്രാപിക്കാൻ ഞങ്ങളെ അനുവദിക്കണമേ........കർത്താവി‍ന്റെ മാലാഖ പരിശുദ്ധ മറിയത്തോടെ...........

കർഷകൻ ത്രിസന്ധ്യാ ജപം ഒരോ പ്രാവശ്യവും അവസാനിപ്പിച്ചിരുന്നത് അങ്ങിനെയാണ്.

പാതി ഉറക്കപ്പിച്ചിൽ പനമ്പായയിൽ മുട്ടുകുത്തി കൈകൂപ്പി നിന്ന് പ്രാർത്ഥിച്ച് ഉറക്കത്തിനായി കാത്തു നിൽക്കുന്ന അയാളുടെ മക്കൾക്കും ഭാര്യ വിരോഹണി ചേടത്തിക്കും ആ പ്രാർത്ഥനാന്ത്യത്തിൻ‍റ്റെ പൊരുൾ ഒരിക്കലും മനസ്സിലായില്ലായിരുന്നു.

കുരിശുവര കഴിഞ്ഞ് വരംബിലേക്കിറങ്ങാൻ നീളൻ ടോർച്ചിൻ‍റ്റെ പ്രകാശം പരിശോധിക്കുന്ന കർഷകനോട് ഒരിക്കൽ‍ വിരോഹിണി ചേടത്തി ചോദിച്ചതിങ്ങിനെയാണ്:

ഓരോരാത്രിയിലും കുരിശുവക്കുംബോൾ പ്രാർത്ഥിക്കുന്നതിങ്ങിനെയായിട്ടും , പിന്നേം നിങ്ങൾ കള്ളൂ കുടിക്കാൻ പോണത് എന്തിനാണ് മൂപ്പീന്നേ...ചങ്കു വാടി വല്ല മാറാരോഗം വന്നു കിടപ്പിലായാൽ സമാധാനത്തോടെ മരിക്കാൻ പറ്റുമോ...?“

ഹ..ഹ..ഹ...ചേടത്തിയേ...ഇതു കർഷകനാണ്...വെറും കാലോടെ മണ്ണിലേക്കിറങ്ങിയും ഒരുപാടിഷ്ടത്തോടെ സൂര്യനെ സ്നേഹിച്ചും കാലം കടക്കുന്ന ഒരു ഇതിയാനാണേ ഞാൻ...മണ്ണൂം വിണ്ണൂം ചതിക്കില്ല...അഥവ ചതിച്ചാൽത്തന്നെ

മരണഛവമായി കട്ടിലിൽ കിടക്കുന്ന ഒരവസ്ഥ ആർക്കും ഉണ്ണ്ടാക്കരുതെന്ന ഒരു പ്രാർത്ഥന ...അത്രേയുള്ളൂ.....നീ കഞ്ഞികുടിച്ചു കിടന്നോ....വിരോണിയേ....

തോർത്തൊന്നു കുടഞ്ഞു തോളുമാറ്റി ഇട്ട് വരംബിലേക്കിറങ്ങുംബോൾ അയാളതു പറഞ്ഞു ഒരു നാടൻ പാട്ടു തുടങ്ങി.

ഞാൻ ഒരു പത്ത് ഞാറുനട്ടേ

ഞാറിലൊരഞ്ചെണ്ണം നീരെടുത്തേ

നീരു തരുന്നത് ഉയിരാണേ

ഉയിരു തരുന്നതെന്താണ്.......

സൂര്യനുദിക്കുന്നതിനു മുൻപ് ഉണരുന്നതാണ് കർഷകൻ.

വാഴകൾക്കും മറ്റു ഇടകൃഷിതടങ്ങളിലും വെള്ളം കോരിയൊഴിച്ചു തുടങ്ങുന്ന നിത്യ വൃത്തി കാളയും കലപ്പയും ഏന്തി അവസാനിപ്പിക്കുന്നതു സന്ധ്യയിലാണ്.

വിരോഹിണീ നൽകുന്ന കപ്പയും കഞ്ഞിയും മുളകരച്ചതും സ്വയം കൽപ്പിച്ചു വെച്ചിരിക്കുന്ന ഇടവേളകളിൽ കഴിച്ച് കാളക്ക് അടുത്ത കുടിലുകളിൽ നിന്നും കിട്ടുന്ന കഞ്ഞികാടിയും പിണ്ണാക്കും പച്ചപ്പുല്ലും നൽകി തുടർവൃത്തമായിരുന്ന ജീവതാളം.

കർഷകന്റെ കാളയും കലപ്പയും ഓലകൊണ്ടു മേഞ്ഞ തൊഴുത്തിന്റെ ഒരു മൂലയിൽ അനാവശ്യ വസ്തുക്കളെപ്പോലെ അവശേഷിക്കുകയാണ്.

അയാളുടെ നിയന്ത്രണത്തിൽ എത്രയോ വർഷങ്ങളായി കണ്ടങ്ങൾ ഉഴുതുമറിച്ച് നെൽ വിത്തുകൾ പാകാൻ നിലം പാകപ്പെടുത്തി മണ്ണിനേയും മനുഷ്യനേയും കൂട്ടിച്ചേർത്തു നിർത്താൻ കടിനപ്രയത്നം ചെയ്ത കാളയും പാർശ്വഭാഗങ്ങൾ ഒടിഞ്ഞു തൂങ്ങി ദ്രവിച്ചു തൂടങ്ങിയ കലപ്പയും യജമാനന്റെ ശ്വാസ നിശ്വാസമേറ്റിട്ട് ദിവസങ്ങളോളം ആയിരിക്കുന്നു....

കർഷകനു കലപ്പ മൂന്നാം കൈ ആയിരുന്നെങ്കിൽ കാള സ്വന്തം മക്കളിൽ ഒന്നാമനെപ്പോലെ ആണ്.

ആയിരത്തി തൊള്ളയിരത്തി അംബത്താറിലെ മലവെള്ളപ്പാചിലിൽ പമ്പായാറ്റിലൂടെ ഒഴുകിയെത്തിയ ഒരു തടിച്ചു കൊഴുത്ത പശു .

കൊചുത്രേസ്യന്ന് കർഷകൻ വിളിപ്പേരിട്ടു വളർത്തിയ ആ പശുവിന്റെ നാലാമത്തെ പരംബരയിലെ അവസാനത്തെ കണ്ണിയാണ് താനെന്ന് ഒരുപക്ഷേ ആ കാളക്കറിയില്ലായിരിക്കാം.

അതുപോലെ കാലഹരണപ്പെട്ടിട്ടൂം ഉപേക്ഷിക്കനാകാത്ത മനസ്സോടെ പുതുക്കിപ്പണിത് അതിനെ കാലങ്ങളായി കൊണ്ടു നടക്കുന്നത് കലപ്പക്കു ഒരു മനസ്സുണ്ടായിരുന്നെകിൽ ഓർക്കുമായിരുന്നു....

തൊഴുത്തിനരുകിൽ ആരുടെയൊക്കെയോ കാല്പെരുമാറ്റവും ശബ്ദവും കേട്ട് ചെറിയ അമർച്ചയൊടെ കാള എണീറ്റ് ആ ഭാഗത്തേക്ക് നോക്കി.

കർഷകൻ‍റ്റെ ഇളയ മകൻ തര്യച്ചൻ‍റ്റെ കൂടെ അറവുകാരൻ മമ്മദലി വണ്ണമുള്ള പ്ലാസ്റ്റിക് കയറുമായി അതിനരികിലേക്കു നടന്നടത്ത് അതിൻ‍റ്റെ പുറം തട്ടി.

കർഷകൻ‍റ്റെ ജീവനാണിവറ്റയെന്ന് ങ്ങ്ള്ക്കറിയാവുന്നതല്ലേ...ങ്ങേരിതെങ്ങാനും അറിഞ്ഞാൽ ഞമ്മളെ വല്ലാണ്ട് പ്രാകും...ബേജറാണ്..ന്നാലും ഞമ്മളു കൊണ്ടു പോകുവാ..ലാഭത്തിനു കിട്ടിയതല്ലേ....

മറ്റു മക്കളുടേയും മരുമക്കളുടേയും നടുവിൽ വിചാരണ ചെയ്യപ്പെടുന്നതു പോലെ ഇരുന്ന വിരോഹിണി ചേടത്തി മമ്മദലി തലമറച്ച് കാളയുമായി മുറ്റം കടന്നു പോകുന്നത് കണ്ടു നിസ്സഹയതോടെ വിങ്ങി.

കാള രണ്ടു വട്ടം ദയനീയമായ് അമർച്ചയോടെ ഉമ്മറത്തേക്കു നോക്കിയപ്പോൾ അവർക്ക് സഹിക്കാനായില്ല.

ന്നാലും എൻ‍റ്റെ തര്യച്ച..നീയതിനെ അറവിനു കൊടുത്തില്ലേ....നിന്റെ അപ്പൻ‍റ്റെ ജീവനാണ് അത്....

അവർ നെഞ്ചത്തു കൈവെച്ച് ഏങ്ങലടിച്ചു കരഞ്ഞു.

അമ്മച്ചിക്കിതെന്തിൻ‍റ്റെ കേടാ...അപ്പനിനി എണീക്കില്ല...അല്ലെങ്കിൽ തന്നെ ആരു നോക്കാനാ ഇവറ്റെയൊക്കെ......

പിറ്റേന്നു രാവിലെ ആശുപത്രിയിലേക്ക് വിരോഹിണി ബസ് കയറുംബോൾ മക്കളുടെ ആവശ്യങ്ങളും ആക്രോശങ്ങളും അവരുടെ ഉള്ളിൽ പൊള്ളിക്കൊണ്ടിരുന്നു.

ഒരു ആയുസ്സിൻ‍റ്റെ ഭൂരിഭാഗവും മക്കളുടെ വിദ്യാഭ്യാസത്തിനായി അദ്ധ്വാനിച്ച തൻ‍റ്റെ ഭർത്താവ് . സിലിണ്ടറിൽ നിന്നും ചെറിയ വാൽവിലൂടെ ജീവവായു ശ്വസിച്ച് ജീവൻ നില നിർത്തുന്ന പരിതാപസ്ഥിതി.....

മക്കളെല്ലാം നല്ല ജോലി സംബാദിച്ചെങ്കിലും അപ്പൻ സംബാദിച്ച പണത്തിനോടും ഭൂമിയോടും ആർത്തിയാണ്‍ .സ്വത്തുക്കൾ ഭാഗം വെക്കുന്നതിന് ,എപ്പോഴെങ്കിലും ഓർമ്മയും ശരീര ചലനവും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന മക്കൾ.....

ആശുപത്രിയിലെ ഐ.സി.യു. വിനു മുന്നിൽ തന്റെ ഭർത്താവിനെ കാണാനുള്ള കാത്തിരിപ്പ് വിരോഹിണി തുടങ്ങിയിട്ട് മണിക്കൂറായി.

മുറിയുടെ അകത്തേക്കും പുറത്തേക്കും ഇടക്കിടെ പൊയ്ക്കൊണ്ടിരുന്ന നേഴ്സുമാരെ അവർ പലവട്ടം ഐ.സി.യു. വിനു അകത്തേക്കു കയറുവാനുള്ള അനുമതിക്കു വേണ്ടി സമീപിച്ചു.

ഡോക്ട്റോട് അനുവാദം ചോദിക്കാനാവാതെ കയറാൻ പറ്റില്ലെന്ന് അമ്മുമ്മയോട് എത്ര പ്രവാശ്യം പറഞ്ഞു....

സിറിഞ്ചും മരുന്നും ഒരു ചെറിയ ട്രേയിൽ വെച്ച് മുറിയിലേക്ക് കയറാൻ തുടങ്ങിയ നേഴ്സിനെ വിരോഹിണി തടഞ്ഞു നിർത്തിയപ്പോൾ അവൾ ക്ഷോഭിച്ചു.

നീയൊന്നും ഗുണം പിടിക്കില്ല...മൂത്തവരേയും കർത്താവിനേം ഭയമില്ല.....

മനസ്സിൽ പിറുപിറുത്ത് അവർ ബഞ്ചിൽ കൂനിയിരുന്ന് കയ്യിലുണ്ടായിരുന്ന കൊന്തയിലെ മുത്തുമണികൾ ഉരുട്ടി ഒരു ജപമാല തീർത്ത് കണ്ണീരോടെ കണ്ണുകൾ തുറന്നപ്പോൾ മാലാഖയെപ്പോലെ ഒരു കൊച്ചു പെൺ ഡോക്ടർ തന്നെ നോക്കി കുറച്ചു വിഷമത്തോടെ ചിരിച്ചു നിൽക്കുന്നതു കണ്ടപ്പോൾ കൈകൾ കൂപ്പി വിരോഹിണി എണീറ്റു .

അമ്മയെന്തിനാൺ കരയുന്നത്..?”

എൻ‍റ്റെ കെട്ട്യോൻ അകത്ത് കിടക്കുകയാ...എന്നെ ഒന്നു അങ്ങേരെ കാണാൻ സമ്മതിക്കു മോളെ....ഒരേ കിടപ്പ് കിടക്കൻ തുടങ്ങീട്ട് ദിവസങ്ങളായി...ഇതുവരെ കാണാനുള്ള ശക്തി ഇല്ലായിരുന്നു...ഇപ്പോൾ...എനിക്കൊന്നു കാണണം...കൊതി തീരെ....

ഡോക്ടർ അവരെ വാത്സല്യ പൂർവ്വം ചേർത്തു നിർത്തി.

അമ്മ വിഷമിക്കണ്ട.അമ്മയെ ഞാൻ അകത്ത് കൊണ്ടു പോകാം...പക്ഷേ അപ്പച്ചനോട് ഒന്നും സംസാരിക്കരുത്..എത്ര നേരം വേണമെങ്കിലും കൂട്ടിരുന്നോ...വാ

പച്ച പുതപ്പുകൊണ്ട് പാതി ശരീരം പുതച്ച് ഓക്സിജൻ മാസ്കിലൂടെ വായു ശ്വസിച്ച് കണ്ണടച്ച് കിടക്കുന്ന തൻ‍റ്റെ ഭർത്താവിനെ കണ്ടവരുടെ ഹൃദയം വേദനിച്ചു.

അമ്മ ഇവിടിരുന്നോ..ഞാൻ പുറത്തേക്കു പോയിട്ടു വരാം...പറഞ്ഞതറിയാല്ലോ..

ഡോക്ടർ പുറത്തേക്കിറങ്ങിയപ്പോൾ വിരോഹിണി കർഷകൻ‍റ്റെ മുഖത്തേക്കു നോക്കി.

നര കേറി ശോഷിച്ച ,എല്ലുകൾ ഉന്തിയ മുഖം.

മറ്റുള്ളവരുടെ ജീവനു വേണ്ടി അദ്ധ്വാനിച്ച മനുഷ്യൻ സ്വജീവ വായുവിനായി ബദ്ധപ്പെടുന്നു.

കണ്ണീരാൽ ഖനം തൂങ്ങിയ കണ്ണുകളോടെ വിരോഹിണി കർഷകനെ തന്നെ നോക്കിയിരുന്ന് മെല്ലെ കവിളിൽ തലോടി കണ്ണുകളടച്ച് ജപമാല മണികളിൽ വിരൽ ചലിപ്പിച്ചു.

വിരോണി...

കർഷകൻ വിളിക്കുനതുപോലെ തോന്നി അവർ കണ്ണുകൾ തൂറന്നു.

എന്നെ വിളിച്ചോ...

അയാളുടെ കണ്ണുകൾ തുറന്നിരിക്കുകയാണ്.കണ്ണിൽ നിന്നും ഉതിരാനൊരുങ്ങുന്ന നീർ മുത്തുകൾ.

നീയെന്റെ നെഞ്ചിൽ ഒന്നു ചെവിയോർത്തേ..

കർഷകൻ പറയുന്നതുപോലെ തോന്നിയവർ സാവധാനം നെഞ്ചിൽ തല വെച്ചു അയാളുടെ ക്ഷീണിച്ച കവിളിൽ തലോടിയപ്പോൾ അയാളുടെ മനസ്സിൻ‍റ്റെ പുലംബൽ കേട്ടു :

വിരോണി എനിക്കു വയസ്സ് എഴുപത്തിയാറായി...ഈ ആയുസ്സിൻ‍റ്റെ ഭൂരിഭാഗം മുഴുവൻ എനിക്കും നിനക്കും മക്കൾക്കും മണ്ണിനും....നെല്ലിനും ,തെങ്ങിനും.. ഒക്കെ വേണ്ടി കഷ്ടപ്പെട്ടു.അവസാനം ആ ചുട്ടു പഴുത്ത പകലിൽ സൂര്യാഘാതമേറ്റ് ഞാൻ വീഴുംബോൾ ഒരിക്കലും ഈ ഒരവസ്ഥ വരുത്തരുതേയെന്നാണ് കർത്താവിനോട് പ്രാർത്ഥിച്ചത്....കർത്താവ് കേട്ടില്ല....ഓർമ്മയില്ലാതെ ..പാതി ജീവനോടെ മരിക്കാതെ മരിച്ച്....വിരോണി..

എന്തോ...മക്കളുടെ അപ്പൻ പറയൂ..

നീയെന്നെ സ്നേഹിക്കുന്നില്ലേ..

ഉവ്വ്..നിങ്ങളേയും നിങ്ങളുടെഈ മേത്തേ മണ്ണീൻ‍റ്റെ മണോമൊക്കെ ഇഷ്ടാ....

അത്രയ്ക്കിഷ്ടാണങ്കിൽ...എനിക്കീ കിടപ്പ് വയ്യ..മണ്ണ് കാണാതെ..എൻ‍റ്റെ മക്കളെ കാണാതെ..വിരോണിയെ കാണാതെ......നിനക്കെന്നെ ഒന്നു അവസാനിപ്പിച്ചു കൂടെ...ഞാൻ എന്തിനു ഇങ്ങിനെ കിടക്കണം പാതി ജീവനായി .....”

അവരുടെ മനസ്സിൽ സങ്കടത്തിൻ‍റ്റെ ലാവ പുകഞ്ഞു കണ്ണിരായി പരിണമിച്ച് ഒഴുകി.

ചിന്തയുടേയും വിചിന്തനത്തിൻ‍റ്റേയും കണ്ണീർച്ചാലുകളും തലച്ചോറിലെ സ്പന്ദനങ്ങളും അവരുടെ കൈ വിരലുകളെ കർഷകൻ‍റ്റെ വായ് മൂടിയിരുന്ന ഓക്സിജൻ മാസ്കിലേക്കു അടുപ്പിച്ചു.വിറയാർന്ന അവരുടെ വിരലുകൾ അതൂരിമാറ്റിയപ്പോൾ ശ്വാസത്തിനായുള്ള അയാളുടെ പിടച്ചിലിൽ അയാളുടെ നെഞ്ചിൽ അവരുടെ മുഖം ഉയ്യർന്നു പൊങ്ങി.....മൂന്നു തവണ ..പിന്നെ ആ ശ്വാസം നിലച്ചപ്പോൾ അവർ കണ്ണുകൾ അടച്ചു...മനസ്സിൽ തലയറുക്കപ്പെടുന്ന കാളയുടെ വിലാപം.....

ആ കിടപ്പിൽ ജപമാല മണികൾ ഉരുട്ടുംബോൾ അവരുടെ അടങ്ങിയ തേങ്ങല്‍ കേൾക്കാമായിരുന്നു..........ഒപ്പം കര്‍ഷകന്‍റെ ആ നാടൻ പാട്ടും.....

ഞാൻ ഒരു പത്ത് ഞാറുനട്ടേ

ഞാറിലൊരഞ്ചെണ്ണം നീരെടുത്തേ

നീരു തരുന്നത് ഉയിരാണേ

ഉയിരു തരുന്നതെന്താണ്...................................................

ജോമോൻ ആന്റണി